الملك

تفسير سورة الملك

الترجمة المليبارية

മലയാളം

الترجمة المليبارية

ترجمة معاني القرآن الكريم للغة المليبارية، ترجمها عبد الحميد حيدر المدني وكونهي محمد، نشرها مجمع الملك فهد لطباعة المصحف الشريف بالمدينة المنورة، عام الطبعة 1417هـ،

﴿بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ﴾

ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ﴾

 നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. 

﴿الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَا تَرَىٰ فِي خَلْقِ الرَّحْمَٰنِ مِنْ تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِنْ فُطُورٍ﴾

ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട് വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?(1) 

﴿ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنْقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ﴾

 പിന്നീട് രണ്ടു തവണ നീ കണ്ണിനെ തിരിച്ച് കൊണ്ട് വരൂ. നിന്‍റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായികൊണ്ടും മടങ്ങി വരും. 

﴿وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِلشَّيَاطِينِ ۖ وَأَعْتَدْنَا لَهُمْ عَذَابَ السَّعِيرِ﴾

ഏറ്റവും അടുത്ത ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.(2) അവയെ നാം പിശാചുകളെ എറിഞ്ഞോടിക്കാനുള്ളവയുമാക്കിയിരിക്കുന്നു.(3) അവര്‍ക്കു നാം ജ്വലിക്കുന്ന നരകശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

﴿وَلِلَّذِينَ كَفَرُوا بِرَبِّهِمْ عَذَابُ جَهَنَّمَ ۖ وَبِئْسَ الْمَصِيرُ﴾

തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍ക്കാണ് നരക ശിക്ഷയുള്ളത്‌. തിരിച്ചെത്തുന്ന ആ സ്ഥലം വളരെ ചീത്ത തന്നെ.

﴿إِذَا أُلْقُوا فِيهَا سَمِعُوا لَهَا شَهِيقًا وَهِيَ تَفُورُ﴾

അവര്‍ അതില്‍ (നരകത്തില്‍) എറിയപ്പെട്ടാല്‍ അതിന്നവര്‍ ഒരു ഗര്‍ജ്ജനം കേള്‍ക്കുന്നതാണ്‌. അത് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. 

﴿تَكَادُ تَمَيَّزُ مِنَ الْغَيْظِ ۖ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ﴾

കോപം നിമിത്തം അത് പൊട്ടിപ്പിളര്‍ന്ന് പോകുമാറാകും. അതില്‍ (നരകത്തില്‍) ഓരോ സംഘവും എറിയപ്പെടുമ്പോഴൊക്കെ അതിന്‍റെ കാവല്‍ക്കാര്‍ അവരോട് ചോദിക്കും. നിങ്ങളുടെ അടുത്ത് മുന്നറിയിപ്പുകാരന്‍ വന്നിരുന്നില്ലേ?

﴿قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ إِنْ أَنْتُمْ إِلَّا فِي ضَلَالٍ كَبِيرٍ﴾

 അവര്‍ പറയും: അതെ ഞങ്ങള്‍ക്ക് മുന്നറിയിപ്പുകാരന്‍ വന്നിരുന്നു. അപ്പോള്‍ ഞങ്ങള്‍ നിഷേധിച്ചു തള്ളുകയും അല്ലാഹു യാതൊന്നും ഇറക്കിയിട്ടില്ല. നിങ്ങള്‍ വലിയ വഴികേടില്‍ തന്നെയാകുന്നു(4) എന്ന് ഞങ്ങള്‍ പറയുകയുമാണ് ചെയ്തത്‌.

﴿وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ﴾

ഞങ്ങള്‍ കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഞങ്ങള്‍ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളുടെ കൂട്ടത്തിലാകുമായിരുന്നില്ല എന്നും അവര്‍ പറയും.

﴿فَاعْتَرَفُوا بِذَنْبِهِمْ فَسُحْقًا لِأَصْحَابِ السَّعِيرِ﴾

അങ്ങനെ അവര്‍ തങ്ങളുടെ കുറ്റം ഏറ്റുപറയും. അപ്പോള്‍ നരകാഗ്നിയുടെ ആള്‍ക്കാര്‍ക്കു ശാപം.

﴿إِنَّ الَّذِينَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ﴾

തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെ അദൃശ്യനിലയില്‍ ഭയപ്പെടുന്നവരാരോ അവര്‍ക്ക് പാപമോചനവും വലിയ പ്രതിഫലവുമുണ്ട്‌.

﴿وَأَسِرُّوا قَوْلَكُمْ أَوِ اجْهَرُوا بِهِ ۖ إِنَّهُ عَلِيمٌ بِذَاتِ الصُّدُورِ﴾

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുക. അല്ലെങ്കില്‍ പരസ്യമാക്കിക്കൊള്ളുക. തീര്‍ച്ചയായും അവന്‍ (അല്ലാഹു) ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു.

﴿أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ﴾

സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.

﴿هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِنْ رِزْقِهِ ۖ وَإِلَيْهِ النُّشُورُ﴾

അവനാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വിധേയമാക്കി തന്നവന്‍.
അതിനാല്‍ അതിന്‍റെ ചുമലുകളിലൂടെ നിങ്ങള്‍ നടക്കുകയും അവന്‍റെ ഉപജീവനത്തില്‍ നിന്ന് ഭക്ഷിക്കുകയും ചെയ്തു കൊള്ളുക. അവങ്കലേക്ക് തന്നെയാണ് ഉയിര്‍ത്തെഴുന്നേല്‍പ്‌.

﴿أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الْأَرْضَ فَإِذَا هِيَ تَمُورُ﴾

ആകാശത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? അപ്പോള്‍ അത് (ഭൂമി) ഇളകിമറിഞ്ഞു കൊണ്ടിരിക്കും.

﴿أَمْ أَمِنْتُمْ مَنْ فِي السَّمَاءِ أَنْ يُرْسِلَ عَلَيْكُمْ حَاصِبًا ۖ فَسَتَعْلَمُونَ كَيْفَ نَذِيرِ﴾

അതല്ല, ആകാശത്തുള്ളവന്‍ നിങ്ങളുടെ നേരെ ഒരു ചരല്‍ വര്‍ഷം അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരായിരിക്കുകയാണോ? എന്‍റെ താക്കീത് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ വഴിയെ അറിഞ്ഞു കൊള്ളും. 

﴿وَلَقَدْ كَذَّبَ الَّذِينَ مِنْ قَبْلِهِمْ فَكَيْفَ كَانَ نَكِيرِ﴾

തീര്‍ച്ചയായും അവര്‍ക്ക് മുമ്പുള്ളവരും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. അപ്പോള്‍ എന്‍റെ പ്രതിഷേധം എങ്ങനെയായിരുന്നു.

﴿أَوَلَمْ يَرَوْا إِلَى الطَّيْرِ فَوْقَهُمْ صَافَّاتٍ وَيَقْبِضْنَ ۚ مَا يُمْسِكُهُنَّ إِلَّا الرَّحْمَٰنُ ۚ إِنَّهُ بِكُلِّ شَيْءٍ بَصِيرٌ﴾

അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.

﴿أَمَّنْ هَٰذَا الَّذِي هُوَ جُنْدٌ لَكُمْ يَنْصُرُكُمْ مِنْ دُونِ الرَّحْمَٰنِ ۚ إِنِ الْكَافِرُونَ إِلَّا فِي غُرُورٍ﴾

അതല്ല പരമകാരുണികന് പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്‌? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.

﴿أَمَّنْ هَٰذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ ۚ بَلْ لَجُّوا فِي عُتُوٍّ وَنُفُورٍ﴾

അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു. 

﴿أَفَمَنْ يَمْشِي مُكِبًّا عَلَىٰ وَجْهِهِ أَهْدَىٰ أَمَّنْ يَمْشِي سَوِيًّا عَلَىٰ صِرَاطٍ مُسْتَقِيمٍ﴾

അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ(5) സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?

﴿قُلْ هُوَ الَّذِي أَنْشَأَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۖ قَلِيلًا مَا تَشْكُرُونَ﴾

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.

﴿قُلْ هُوَ الَّذِي ذَرَأَكُمْ فِي الْأَرْضِ وَإِلَيْهِ تُحْشَرُونَ﴾

പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വളര്‍ത്തിയവന്‍. അവങ്കലേക്കാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌. 

﴿وَيَقُولُونَ مَتَىٰ هَٰذَا الْوَعْدُ إِنْ كُنْتُمْ صَادِقِينَ﴾

അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം (പുലരുന്നത്‌?) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതൊന്ന് പറഞ്ഞുതരൂ)

﴿قُلْ إِنَّمَا الْعِلْمُ عِنْدَ اللَّهِ وَإِنَّمَا أَنَا نَذِيرٌ مُبِينٌ﴾

പറയുക: ആ അറിവ് അല്ലാഹുവിന്‍റെ പക്കല്‍ മാത്രമാകുന്നു. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.

﴿فَلَمَّا رَأَوْهُ زُلْفَةً سِيئَتْ وُجُوهُ الَّذِينَ كَفَرُوا وَقِيلَ هَٰذَا الَّذِي كُنْتُمْ بِهِ تَدَّعُونَ﴾

അത് (താക്കീത് നല്‍കപ്പെട്ട കാര്യം) സമീപസ്ഥമായി അവര്‍ കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖങ്ങള്‍ക്ക് മ്ലാനത ബാധിക്കുന്നതാണ്‌.
നിങ്ങള്‍ ഏതൊന്നിനെപ്പറ്റി വാദിച്ച് കൊണ്ടിരുന്നുവോ അതാകുന്നു ഇത് എന്ന് (അവരോട്‌) പറയപ്പെടുകയും ചെയ്യും.

﴿قُلْ أَرَأَيْتُمْ إِنْ أَهْلَكَنِيَ اللَّهُ وَمَنْ مَعِيَ أَوْ رَحِمَنَا فَمَنْ يُجِيرُ الْكَافِرِينَ مِنْ عَذَابٍ أَلِيمٍ﴾

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന് സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?(6)

﴿قُلْ هُوَ الرَّحْمَٰنُ آمَنَّا بِهِ وَعَلَيْهِ تَوَكَّلْنَا ۖ فَسَتَعْلَمُونَ مَنْ هُوَ فِي ضَلَالٍ مُبِينٍ﴾

പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ് വ്യക്തമായ വഴികേടിലെന്ന്‌. 

﴿قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَنْ يَأْتِيكُمْ بِمَاءٍ مَعِينٍ﴾

പറയുക: നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക? 

الترجمات والتفاسير لهذه السورة: