المجادلة

تفسير سورة المجادلة

الترجمة المليبارية

മലയാളം

الترجمة المليبارية

ترجمة معاني القرآن الكريم للغة المليبارية، ترجمها عبد الحميد حيدر المدني وكونهي محمد، نشرها مجمع الملك فهد لطباعة المصحف الشريف بالمدينة المنورة، عام الطبعة 1417هـ،

﴿بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا ۚ إِنَّ اللَّهَ سَمِيعٌ بَصِيرٌ﴾

(നബിയേ,) തന്‍റെ ഭര്‍ത്താവിന്‍റെ കാര്യത്തില്‍ നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അല്ലാഹു കേട്ടിട്ടുണ്ട്‌. അല്ലാഹു നിങ്ങള്‍ രണ്ടു പേരുടെയും സംഭാഷണം കേട്ടുകൊണ്ടിരിക്കുകയാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌. 

﴿الَّذِينَ يُظَاهِرُونَ مِنْكُمْ مِنْ نِسَائِهِمْ مَا هُنَّ أُمَّهَاتِهِمْ ۖ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ وَإِنَّهُمْ لَيَقُولُونَ مُنْكَرًا مِنَ الْقَوْلِ وَزُورًا ۚ وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ﴾

 നിങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുന്നവര്‍(1) (അബദ്ധമാകുന്നു ചെയ്യുന്നത്‌.) അവര്‍ (ഭാര്യമാര്‍) അവരുടെ മാതാക്കളല്ല. അവരുടെ മാതാക്കള്‍ അവരെ പ്രസവിച്ച സ്ത്രീകള്‍ അല്ലാതെ മറ്റാരുമല്ല. തീര്‍ച്ചയായും അവര്‍ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത്‌. തീര്‍ച്ചയായും അല്ലാഹു അധികം മാപ്പുനല്‍കുന്നവനും പൊറുക്കുന്നവനുമാണ്‌.

﴿وَالَّذِينَ يُظَاهِرُونَ مِنْ نِسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِنْ قَبْلِ أَنْ يَتَمَاسَّا ۚ ذَٰلِكُمْ تُوعَظُونَ بِهِ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ﴾

തങ്ങളുടെ ഭാര്യമാരെ മാതാക്കള്‍ക്ക് തുല്യമായി പ്രഖ്യാപിക്കുകയും, പിന്നീട് തങ്ങള്‍ പറഞ്ഞതില്‍ നിന്ന് മടങ്ങുകയും ചെയ്യുന്നവര്‍, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിനു മുമ്പായി ഒരു അടിമയെ മോചിപ്പിക്കേണ്ടതാണ്‌.(2) അത് നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഉപദേശമാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.

﴿فَمَنْ لَمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِنْ قَبْلِ أَنْ يَتَمَاسَّا ۖ فَمَنْ لَمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ۚ ذَٰلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ ۚ وَتِلْكَ حُدُودُ اللَّهِ ۗ وَلِلْكَافِرِينَ عَذَابٌ أَلِيمٌ﴾

ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. വല്ലവന്നും (അത്‌) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്‌. അത് അല്ലാഹുവിലും അവന്‍റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്‍റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്‌.

﴿إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِنْ قَبْلِهِمْ ۚ وَقَدْ أَنْزَلْنَا آيَاتٍ بَيِّنَاتٍ ۚ وَلِلْكَافِرِينَ عَذَابٌ مُهِينٌ﴾

തീര്‍ച്ചയായും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ത്തു കൊണ്ടിരിക്കുന്നവര്‍ അവരുടെ മുമ്പുള്ളവര്‍ വഷളാക്കപ്പെട്ടത് പോലെ വഷളാക്കപ്പെടുന്നതാണ്‌. സുവ്യക്തമായ പല തെളിവുകളും നാം അവതരിപ്പിച്ചിട്ടുണ്ട്‌. സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷയുമുണ്ട്‌.

﴿يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُمْ بِمَا عَمِلُوا ۚ أَحْصَاهُ اللَّهُ وَنَسُوهُ ۚ وَاللَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ﴾

അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും, എന്നിട്ട് അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ വിവരമറിയിക്കുകയും ചെയ്യുന്ന ദിവസം. അല്ലാഹു അത് തിട്ടപ്പെടുത്തുകയും അവരത് മറന്നുപോകുകയും ചെയ്തു. അല്ലാഹു ഏത് കാര്യത്തിനും സാക്ഷിയാകുന്നു.

﴿أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۖ مَا يَكُونُ مِنْ نَجْوَىٰ ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَىٰ مِنْ ذَٰلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ۖ ثُمَّ يُنَبِّئُهُمْ بِمَا عَمِلُوا يَوْمَ الْقِيَامَةِ ۚ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ﴾

ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു അറിയുന്നുണ്ടെന്ന് നീ കാണുന്നില്ലേ? മൂന്നു പേര്‍ തമ്മിലുള്ള യാതൊരു രഹസ്യസംഭാഷണവും അവന്‍ (അല്ലാഹു) അവര്‍ക്കു നാലാമനായികൊണ്ടല്ലാതെ ഉണ്ടാവുകയില്ല. അഞ്ചുപേരുടെ സംഭാഷണമാണെങ്കില്‍ അവന്‍ അവര്‍ക്കു ആറാമനായികൊണ്ടുമല്ലാതെ.
അതിനെക്കാള്‍ കുറഞ്ഞവരുടെയോ, കൂടിയവരുടെയോ (സംഭാഷണം) ആണെങ്കില്‍ അവര്‍ എവിടെയായിരുന്നാലും അവന്‍ അവരോടൊപ്പമുണ്ടായിട്ടല്ലാതെ.
പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍, അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവരെ അവന്‍ വിവരമറിയിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെ പറ്റിയും അറിവുള്ളവനാകുന്നു. 

﴿أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَىٰ ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاءُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنْفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ ۚ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا ۖ فَبِئْسَ الْمَصِيرُ﴾

രഹസ്യസംഭാഷണം നടത്തുന്നതില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ളവരെ നീ കണ്ടില്ലേ? അവര്‍ ഏതൊന്നില്‍ നിന്നു വിലക്കപ്പെട്ടുവോ അതിലേക്കവര്‍ പിന്നീട് മടങ്ങുന്നു.
(3) പാപത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും അവര്‍ പരസ്പരം രഹസ്യഉപദേശം നടത്തുകയും ചെയ്യുന്നു.
അവര്‍ നിന്‍റെ അടുത്ത് വന്നാല്‍ നിന്നെ അല്ലാഹു അഭിവാദ്യം ചെയ്തിട്ടില്ലാത്ത രീതിയില്‍ അവര്‍ നിനക്ക് അഭിവാദ്യമര്‍പ്പിക്കുകയും ചെയ്യും.
(4) ഞങ്ങള്‍ ഈ പറയുന്നതിന്‍റെ പേരില്‍ അല്ലാഹു ഞങ്ങളെ ശിക്ഷിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് അവര്‍ അന്യോന്യം പറയുകയും ചെയ്യും. അവര്‍ക്കു നരകം മതി. അവര്‍ അതില്‍ എരിയുന്നതാണ്‌. ആ പര്യവസാനം എത്ര ചീത്ത.

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَىٰ ۖ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ﴾

സത്യവിശ്വാസികളേ, നിങ്ങള്‍ രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ അധര്‍മ്മത്തിനും അതിക്രമത്തിനും റസൂലിനെ ധിക്കരിക്കുന്നതിനും നിങ്ങള്‍ രഹസ്യസംഭാഷണം നടത്തരുത്‌. പുണ്യത്തിന്‍റെയും ഭയഭക്തിയുടെയും കാര്യത്തില്‍ നിങ്ങള്‍ രഹസ്യഉപദേശം നടത്തുക. ഏതൊരു അല്ലാഹുവിങ്കലേക്ക് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമോ അവനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക.

﴿إِنَّمَا النَّجْوَىٰ مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ﴾

 ആ രഹസ്യസംസാരം പിശാചില്‍ നിന്നുള്ളത് മാത്രമാകുന്നു. സത്യവിശ്വാസികളെ ദുഃഖിപ്പിക്കാന്‍ വേണ്ടിയാകുന്നു അത്‌. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതികൂടാതെ അതവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ. 

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ ۖ وَإِذَا قِيلَ انْشُزُوا فَانْشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنْكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ ۚ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ﴾

സത്യവിശ്വാസികളേ, നിങ്ങള്‍ സദസ്സുകളില്‍ സൌകര്യപ്പെടുത്തി കൊടുക്കുക എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൌകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൌകര്യപ്പെടുത്തിത്തരുന്നതാണ്‌. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് പറയപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം.
നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ۚ ذَٰلِكَ خَيْرٌ لَكُمْ وَأَطْهَرُ ۚ فَإِنْ لَمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ﴾

സത്യവിശ്വാസികളേ, നിങ്ങള്‍ റസൂലുമായി രഹസ്യസംഭാഷണം നടത്തുകയാണെങ്കില്‍ നിങ്ങളുടെ രഹസ്യസംഭാഷണത്തിന്‍റെ മുമ്പായി ഏതെങ്കിലുമൊരു ദാനം നിങ്ങള്‍ അര്‍പ്പിക്കുക.(5) അതാണു നിങ്ങള്‍ക്കു ഉത്തമവും കൂടുതല്‍ പരിശുദ്ധവുമായിട്ടുള്ളത്‌.
ഇനി നിങ്ങള്‍ക്ക് (ദാനം ചെയ്യാന്‍) ഒന്നും കിട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു എറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

﴿أَأَشْفَقْتُمْ أَنْ تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ ۚ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ﴾

നിങ്ങളുടെ രഹസ്യസംഭാഷണത്തിനു മുമ്പായി നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെട്ടിരിക്കുകയാണോ?(6) എന്നാല്‍ നിങ്ങളത് ചെയ്യാതിരിക്കുകയും അല്ലാഹു നിങ്ങളുടെ നേരെ മടങ്ങുകയും ചെയ്തിരിക്കയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക.(7) അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

﴿۞ أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ مَا هُمْ مِنْكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ﴾

അല്ലാഹു കോപിച്ച ഒരു വിഭാഗ (യഹൂദര്‍) വുമായി മൈത്രിയില്‍ ഏര്‍പെട്ടവരെ (മുനാഫിഖുകളെ) നീ കണ്ടില്ലേ? അവര്‍ നിങ്ങളില്‍ പെട്ടവരല്ല. അവരില്‍ (യഹൂദരില്‍) പെട്ടവരുമല്ല. അവര്‍ അറിഞ്ഞു കൊണ്ട് കള്ള സത്യം ചെയ്യുന്നു. 

﴿أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا ۖ إِنَّهُمْ سَاءَ مَا كَانُوا يَعْمَلُونَ﴾

അല്ലാഹു അവര്‍ക്ക് കഠിനമായ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. തീര്‍ച്ചയായും അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം എത്രയോ ദുഷിച്ചതായിരിക്കുന്നു.

﴿اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَنْ سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُهِينٌ﴾

അവരുടെ ശപഥങ്ങളെ അവര്‍ ഒരു പരിചയാക്കിത്തീര്‍ത്തിരിക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞു. അതിനാല്‍ അവര്‍ക്ക് അപമാനകരമായ ശിക്ഷയുണ്ട്‌.

﴿لَنْ تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُمْ مِنَ اللَّهِ شَيْئًا ۚ أُولَٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ﴾

 അവരുടെ സമ്പത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ അവര്‍ക്ക് ഒട്ടും പ്രയോജനപ്പെടുകയില്ല. അത്തരക്കാരാകുന്നു നരകാവകാശികള്‍. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. 

﴿يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ ۖ وَيَحْسَبُونَ أَنَّهُمْ عَلَىٰ شَيْءٍ ۚ أَلَا إِنَّهُمْ هُمُ الْكَاذِبُونَ﴾

അല്ലാഹു അവരെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന ദിവസം. നിങ്ങളോടവര്‍ ശപഥം ചെയ്യുന്നത് പോലെ അവനോടും അവര്‍ ശപഥം ചെയ്യും. തങ്ങള്‍ (ഈ കള്ള സത്യം മൂലം) എന്തോ ഒന്ന് നേടിയതായി അവര്‍ വിചാരിക്കുകയും ചെയ്യും. അറിയുക: തീര്‍ച്ചയായും അവര്‍ തന്നെയാകുന്നു കള്ളം പറയുന്നവര്‍ 

﴿اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنْسَاهُمْ ذِكْرَ اللَّهِ ۚ أُولَٰئِكَ حِزْبُ الشَّيْطَانِ ۚ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ﴾

പിശാച് അവരെ കീഴടക്കി വെക്കുകയും അങ്ങനെ അല്ലാഹുവെ പറ്റിയുള്ള ഉല്‍ബോധനം അവര്‍ക്ക് വിസ്മരിപ്പിച്ചു കളയുകയും ചെയ്തിരിക്കുന്നു. അക്കൂട്ടരാകുന്നു പിശാചിന്‍റെ കക്ഷി. അറിയുക; തീര്‍ച്ചയായും പിശാചിന്‍റെ കക്ഷി തന്നെയാകുന്നു നഷ്ടക്കാര്‍ .

﴿إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُولَٰئِكَ فِي الْأَذَلِّينَ﴾

 തീര്‍ച്ചയായും അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തുനില്‍ക്കുന്നവരാരോ അക്കൂട്ടര്‍ ഏറ്റവും നിന്ദ്യന്‍മാരായവരുടെ കൂട്ടത്തിലാകുന്നു.

﴿كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي ۚ إِنَّ اللَّهَ قَوِيٌّ عَزِيزٌ﴾

തീര്‍ച്ചയായും ഞാനും എന്‍റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.

﴿لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ ۚ أُولَٰئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ ۖ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ ۚ أُولَٰئِكَ حِزْبُ اللَّهِ ۚ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ﴾

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്‍റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്‍മാരോ, സഹോദരന്‍മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും.
അത്തരക്കാരുടെ(8) ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികളായിരിക്കും. അല്ലാഹു അവരെ പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അത്തരക്കാരാകുന്നു അല്ലാഹുവിന്‍റെ കക്ഷി. അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍.

الترجمات والتفاسير لهذه السورة: